രാജ്യത്ത് ഏറ്റവും മാതൃകാപരമായി പ്രവർത്തിക്കുന്ന നിയമനിര്‍മാണ സഭയാണ് കേരള നിയമസഭ. നിയമനിര്‍മാണരംഗത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല നമ്മുടെ നിയമസഭയുടെ പ്രവർത്തനങ്ങള്‍. ജനജീവിതവുമായി ബന്ധപ്പെട്ട പല മേഖലകളിലും പുതിയ ആശയങ്ങള്‍ കൊണ്ടുവന്ന സാക്ഷാത്‌കരിക്കുന്നതില്‍ നിയമസഭ ശ്രദ്ധിക്കുന്നുണ്ട്. നമ്മുടെ നിയമസഭാ സമുച്ചയം കെട്ടിടങ്ങളുടെ മാത്രം ഒരു കൂട്ടമല്ല. പ്രകൃതിയെ നന്നായി ആദരിച്ചും പരിചരിച്ചും മനുഷ്യജീവിതവുമായി കൂട്ടിയിണക്കാനുള്ള മാതൃക നമ്മള്‍ സൃഷ്ടിച്ചിട്ടുണ്ട്. നിയമസഭാ കോമ്പൗണ്ടിലുള്ള മരങ്ങളെയും ചെടികളെയും എങ്ങനെയാണ് സംരക്ഷിച്ച് വളര്‍ത്തിയെടുക്കുന്നതെന്ന് പലരും ശ്രദ്ധിച്ചിരിക്കും. നമ്മുടെ സസ്യസമ്പത്തിനെ പരിചയപ്പെടുത്താനും അവയുടെ ശാസ്ത്രീയ സവിശേഷതകളെ വിശദീകരിക്കാനും നിയമസഭ ശ്രമിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന് മാതൃകയും പ്രചോദനവുമായി മാറുന്നു. നമ്മുടെ ജൈവവൈവിധ്യത്തെ കുറിച്ചുള്ള അറിവുകള്‍ ജനങ്ങൾക്കാകെ നൽകുന്നതിനുള്ള ഒരു പുതിയ സംരംഭമാണ് ഡിജിറ്റല്‍ ഗാർഡന്‍. അതിലൂടെ നിയമസഭാ സമുച്ചയത്തിലുള്ള സസ്യങ്ങളുടെ ചിത്രങ്ങള്‍ കാണാനും അവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനും കഴിയും. കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്സിലുള്ള സെന്റര്‍ ഫോർ ബയോ ഡൈവേഴ്സിറ്റി കൺസര്‍വേഷന്റെ സഹകരണത്തോടെയാണ് ഡിജിറ്റല്‍ ഗാര്‍ഡന്‍ ഒരുക്കുന്നത്. ജനങ്ങളെ ഡിജിറ്റല്‍ ഉദ്യാനത്തിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.