ഡിജിറ്റൽ ഉദ്യാനം

ഒരു പ്രദേശത്തെ വൃക്ഷ സമൃദ്ധിയെ കുറിച്ചുള്ള സകല വിവരങ്ങളും ഫോണിൽ പെട്ടെന്ന് കണ്ടെത്താവുന്ന രീതിയിൽ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കുന്നതിനാണ് ഡിജിറ്റൽ ഉദ്യാനം എന്ന് പറയുന്നത്. ഈ ആശയം കൊണ്ടുവന്നതും, അത് നടപ്പാക്കി കൊണ്ടുള്ള ഇന്ത്യയിലെ തന്നെ ആദ്യ ഡിജിറ്റൽ ഉദ്യാനം ഉണ്ടാക്കിയതും കേരള സർവകലാശാല ബോട്ടണി വിഭാഗം പ്രൊഫസറും സെന്റർ ഫോർ ബയോഡൈവേഴ്സിറ്റി ഡയറക്ടറുമായ ഡോ. എ. ഗംഗാപ്രസാദ്, കേരള സർവകലാശാല ബോട്ടണി വിഭാഗം ഗവേഷണ വിദ്യാർത്ഥി ശ്രീ. അഖിലേഷ് എസ് .വി. നായർ എന്നിവർ ചേർന്നാണ്.

അവരുണ്ടാക്കിയ ആദ്യത്തെ ഡിജിറ്റൽ ഉദ്യാനം തിരുവനന്തപുരം കനകക്കുന്ന് പാലസിൽ ആണ്‌. അതിന്റെ വിജയത്തിന് ശേഷം ഇരുവരും ചേർന്ന് ഡിജിറ്റൽ ഉദ്യാനങ്ങൾ തയ്യാറാക്കിയ മറ്റു സ്ഥലങ്ങൾ : കേരള രാജ്ഭവൻ, കേരള പബ്ലിക് സർവീസ് കമ്മീഷൻ, എറണാകുളം മഹാരാജാസ് കോളേജ്.

ഡോക്യുമെന്റ് ചെയ്യുന്ന ഡാറ്റ ഡിജിറ്റൈസ് ചെയ്തു, അതിനെ ക്യൂ ആർ (ക്വിക്ക് റെസ്പോൺസ്) കോഡുമായി ബന്ധിപ്പിക്കുന്നു. ഓരോ പ്ലാന്റിനും പ്രത്യേക ക്യൂ ആർ കോഡ്, പ്രത്യേക URL എന്നിവ തയ്യാറാക്കുന്നു. ഒരു ഡിജിറ്റൽ ഉദ്യാനത്തിൽ ഓരോ ചെടിയുടെയും പ്ലാന്റ് ലേബലിനൊപ്പം ക്യൂ ആർ കോഡും ഉണ്ടാവും.... മൊബൈൽ ഫോണുകളിൽ ഉള്ള ക്യൂ ആർ കോഡ് സ്കാനർ ഉപയോഗിച്ച്, ഈ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ വെബ് പേജ് തുറക്കുകയും, ചെടിയുടെ പൂർണ വിവരങ്ങൾ ലഭ്യമാകുകയും ചെയ്യുന്നു.

സെന്റർ ഫോർ ബയോഡൈവേഴ്‌സിറ്റി കൺസർവേഷൻ(CBC)
കേരള സർവകലാശാല

ഇന്ത്യയിലെ സസ്യ സമ്പത്തുകളുടെ സുസ്ഥിര ഉപയോഗവും പരിപാലനവും ലൿഷ്യമിട്ട് കേരള സർവ്വകലാശാല 2018 നവംബറിൽ ആണ് ‘സെന്റർ ഫോർ ബയോ ഡൈവേഴ്‌സിറ്റി കോൺസെർവേഷൻ (CBC)' എന്ന സ്ഥാപനം ആരംഭിച്ചത്‌. പശ്ചിമ ഘട്ടത്തിലെ അലങ്കാര ചെടികൾ, ഭക്ഷ്യ യോഗ്യമായ ചെടികൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കാണുന്ന അപൂർവ്വവും വാണിജ്യ പ്രാധാന്യമുള്ളതുമായ സസ്യങ്ങളുടെ ‘ജീൻ ബാങ്ക്’ നിർമ്മാണം, കേരളത്തിൽ ലഭ്യമായ വിവിധയിനം നാട്ടുമാവുകളുടെ പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങൾ ഈ സ്ഥാപനം നടത്തിവരുന്നു.