നൂറൂ കണക്കിന് വൈവിധ്യമാര്‍ന്ന സസ്യങ്ങളും മരങ്ങളും പുഷ്പലതാദികളും പച്ചക്കറികളും കൊണ്ട് സമൃദ്ധമായ കേരള നിയമസഭാ സമുച്ചയം തിരുവനന്തപുരം നഗരത്തിന്റെ ഹ‍ൃദയഭാഗത്തുള്ള പച്ച തുരുത്താണ്. എന്നാല്‍ തുളസീ വനം, കദളീ വനം, നക്ഷത്ര വനം തുടങ്ങിയ ആകര്‍ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള ഈ പച്ചപ്പിന്റെ വൈവിധ്യവും വൈശിഷ്ട്യവും പൊതു ജനങ്ങള്‍ക്ക് നേരിട്ട് കാണാനും പരിചയപ്പെടാനും സാധിക്കുന്നില്ല. അതിനാല്‍ പൊതു ജനങ്ങള്‍ക്ക് നിയമസഭാ സമുച്ചയത്തിലെ ജൈവ വൈവിധ്യങ്ങള്‍ പരിചയപ്പെടുത്താനായി കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്സിലുള്ള Centre for Biodiversity Conservation (CBC) എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ ഡിജിറ്റല്‍ ഗാര്‍ഡന്‍ എന്ന ഒരു ആശയം നിയമസഭ രൂപപ്പെടുത്തിയിരിക്കുകയാണ്. പൊതു ജനങ്ങള്‍ക്ക് നിയമസഭാ വെബ്സൈറ്റില്‍ നിന്ന് നിയമസഭാ സമുച്ചയത്തിലെ സസ്യ വൈവിധ്യങ്ങളുടെ ചിത്രം സഹിതമുള്ള വിശദാംശങ്ങള്‍ കാണാന്‍ കഴിയുന്നതാണ്. വിവിധ പൂക്കളുടെയും വ‍ൃക്ഷലതാദികളുടെയും വിശദ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി ഒരു സെര്‍വര്‍ കമ്പ്യൂട്ടറില്‍ ശേഖരിച്ച് വെയ്ക്കുകയും അവയെ മൊബൈല്‍ ഫോണ്‍ പോലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ സന്ദര്‍ശകര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്ന നൂതന ആശയമാണ് ‍ഡി‍ജിറ്റല്‍ ഗാര്‍ഡന്‍. ഡിജിറ്റല്‍ രൂപത്തിലാക്കി വെയ്ക്കുന്ന വിവരങ്ങള്‍ വൃക്ഷ ലതാദികളില്‍ പതിപ്പിക്കുന്ന QR Code Scan ചെയ്ത് സന്ദര്‍ശകര്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭ്യമാക്കുന്ന സംവിധാനവും ഡിജിറ്റല്‍ ഗാര്‍ഡന്റെ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നു. ‍ഡിജിറ്റല്‍ ഗാര്‍ഡന്‍ എന്ന ആശയം ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത് കേരള സര്‍വ്വകലാശാലയിലെ സസ്യശാസ്ത്ര വിഭാഗം പ്രൊഫസറും Centre for Bio Diversity Conservation ഓണററി ‍ഡയറക്ടറും ആയ ‍‍ഡോ.എ. ഗംഗാപ്രസാദ്‌, കേരള സര്‍വ്വകലാശാലയിലെ സസ്യ ശാസ്ത്ര വിഭാഗത്തില്‍ ഗവേഷണം നടത്തുന്ന ശ്രീ. അഖിലേഷ് എസ്. വി. നായര്‍ എന്നിവരുടെ നേത്യത്വത്തില്‍ ആണ്. തിരുവനന്തപുരത്ത് കനകക്കുന്നില്‍ ഇന്ത്യയിലെ ആദ്യത്തെ ‍‍‍‍ഡിജിറ്റല്‍ ഗാര്‍ഡന്‍, കേരള രാജ് ഭവന്‍, കേരള യൂണിവേഴ്സിറ്റി, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ആസ്ഥാനം, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലെ ഡിജിറ്റല്‍ ഗാര്‍ഡന്‍ എന്നിവ അവര്‍ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. നിയമസഭയിലെ ഡിജിറ്റല്‍ ഗാര്‍ഡന്‍ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ നേത്യത്വം നല്‍കിയ ‍ഡോ. എ. ഗംഗാപ്രസാദ്‌, ശ്രീ. അഖിലേഷ്. എസ്. വി. നായര്‍ എന്നിവരോടുള്ള അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു. നിയമസഭയിലെ ഡിജിറ്റല്‍ ഗാര്‍ഡന്‍ എന്ന നൂതന സംരംഭം പൊതു ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.